കുടിവെള്ളം എന്തുകൊണ്ട് കുപ്പികളില്‍?

ശുദ്ധജലത്തിന്‍റെ ശോഷണത്തേയും അതിന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട നിലവാരത്തേയും അതീവ ഉത്കണ്ഠയോടെയാണ് ലോകാരോഗ്യ സംഘടന പോലുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ വീക്ഷിക്കുന്നത്. വിഷാംശങ്ങളും മാലിന്യങ്ങളുമകന്ന ശുദ്ധജലം ജനങ്ങള്‍ക്കേവര്‍ക്കും ലഭ്യമാകേണ്ടത് ഒരനിവാര്യതയായി അവര്‍ കാണുന്നു. സാംക്രമിക രോഗങ്ങള്‍ ഏറെയും ജലജന്യമാണ്. കരയിലേയും ജലത്തിലേയും ജീവന്‍റെ നിലനില്‍പ് പോലും ജലത്തെ ആശ്രയിച്ചാണ്. മാലിന്യങ്ങള്‍ കലരാതിരിക്കുകയോ വിമുക്തമാക്കുകയോ ആണ് ശുദ്ധജലം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പ്രതിവിധി. ഇവിടെയാണ് സങ്കീര്‍ണമായ പ്രക്രിയകളിലൂടെ സംശുദ്ധമാക്കിയ കുപ്പിവെള്ളത്തിന്‍റെ പ്രസക്തി. വിപുലമായ സാധ്യതകളുള്ള മേഖലയാണ് ഇന്ന് കുപ്പിവെള്ള വിപണി. അതിവേഗത്തിലാണ് അതിന്‍റെ വളര്‍ച്ച. ശുഭകരമാണ് ഭാവി. വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഗുണനിലവാരമുള്ള കുപ്പിവെള്ളത്തിന്‍റെ അഭാവമാണ് ഇപ്പോഴുള്ള പ്രശ്നം.

ഇവിടെയാണ് കേരള സര്‍ക്കാര്‍ സ്വന്തം കുപ്പിവെള്ളത്തെപ്പറ്റി ചിന്തിക്കുന്നത്. ദിവസേനയെന്നോണം വര്‍ദ്ധിക്കുന്ന വിലയും നല്ല കുപ്പിവെള്ളത്തിന്‍റെ അപര്യാപ്തതയുമാണ് ഒരു പുതിയ കുപ്പിവെള്ള സംരംഭത്തിനായി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കുപ്പിവെള്ള പ്ലാന്‍റുകളുടെ നിര്‍മ്മാണത്തിന് പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ പ്രത്യേക പരാമര്‍ശവുമുണ്ട്. ജലത്തിന്‍റെ ലഭ്യതയനുസരിച്ച് വിവിധയിടങ്ങളിലായി പ്ലാന്‍റുകള്‍ ആരംഭിക്കുവാനാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ആദ്യത്തെ സംരംഭം തൊടുപുഴയിലെ മ്രാലയില്‍ ഹില്ലി അക്വ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്നത്.